
ഉയര്‍ന്ന ശമ്പളത്തോടെയുള്ള മികച്ച കരിയറാണ് ഏവരുടേയും ആഗ്രഹം. മികച്ച വരുമാനം നേടാനായി പറ്റുന്ന പഠനവും കരിയറും തിരഞ്ഞെടുക്കാനാണ് ഏല്ലാവരും ശ്രദ്ധിക്കുന്നത്.എച്ച്സിഎല്‍ ടെക്നോളജിസ് സിഇഒ സി വിജയകുമാറിന്റെ വാര്‍ഷിക വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടുന്നത്. 2023-24 ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം ഒരു കോടി ഡോളറാണ്. അതായത് ഏകദേശം 84.16 കോടി രൂപയാണെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ഇദ്ദേഹം ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആയി മാറിയിരിക്കുകയാണ്.
എച്ച്സിഎല്‍ ടെക് 2023- 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതില്‍ വിജയകുമാറിന്റെ ശമ്പളത്തില്‍ പ്രതിവർഷം 190.75 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. അടിസ്ഥാന ശമ്പളം – 16.39 കോടി, പെര്‍ഫോമന്‍സ് പേ- 9.53 കോടി, ദീര്‍ഘകാല ഇന്‍സെന്റീവ് – 19.74 എന്നിവ ചേര്‍ന്നാണ് മൊത്തം സാലറി പാക്കേജ്. ഇതിനു പുറമേ മറ്റ് അലവന്‍സുകളുമുണ്ട്.
ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഇദ്ദേഹത്തിന്റെ ശമ്പളം പരാമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്. എത്ര വര്‍ഷം സമ്പാദിച്ചാലാണ് അദ്ദേഹത്തിന്റെ മാസശമ്പളം തങ്ങള്‍ക്ക് വാര്‍ഷിക ശമ്പളമായി ലഭിക്കുയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ വിജയകുമാര്‍ 2016ലാണ് എച്ച്സിഎല്‍ ടെക്കിന്റെ സിഇഒ പദവിയിലേക്ക് എത്തുന്നത്.