
തിരുവനന്തപുരം: അവധിക്കാലത്തിന് വിട നല്കി പുത്തന്‍ പ്രതീക്ഷകളുമായി അക്ഷരലോകത്തേക്ക് പിച്ചവയ്ക്കാന്‍ ലക്ഷകണക്കിന് കുരുന്നുകള്‍ ഇന്നു സ്കൂളുകളിലേക്ക് എത്തും.
മധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും. മൂല്യാധിഷ്ഠിത പഠനവും ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്.
പ്രവേശനോത്സവം വഴി കുരുന്നുകളെ അറിവിന്റെ അക്ഷയഖനികളിലേക്ക് എത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. ആകെ 44,70,000ത്തോളം വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് എത്തുമ്ബോള്‍ ഒന്നാം ക്ലാസിലേക്ക് പുതുതായി രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികളെയാണു പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം കൂടിയേ അഞ്ചാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്ക്കാനാവൂ എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആറാം വയസില്‍ ഒന്നാം ക്ലാസ് പ്രവേശനം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠന വിഷയമാകുമെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്ന കഴിഞ്ഞ വര്‍ഷങ്ങളിലെ ട്രെന്‍ഡിന് ഇത്തവണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ആദ്യ ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാകും പഠിപ്പിക്കുക. ഈ വര്‍ഷം മുതല്‍ ഹൈസ്കൂള്‍ സമയം അരമണിക്കൂര്‍ നീട്ടിയിട്ടുണ്ട്.
ഇനി 9.45 മുതല്‍ 4.15 വരെയാണ് ക്ലാസുകള്‍. തുടര്‍ച്ചയായി ശനിയാഴ്ചകള് പ്രവൃത്തി ദിവസമാകുന്നത് ഒഴിവാക്കാനാണ് ഈ നടപടി. സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നു രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കലവൂര്‍ സ്കൂള്‍ മതിലുകളും പരിസരവും സ്ട്രീറ്റ് ആര്‍ട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്.