
ടെഹ്റാന്: ഇറാനെതിരേ വീണ്ടും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. തെക്കന്‍ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സമീപം രണ്ടു സ്ഫോടനങ്ങളുണ്ടായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
മറുപടിയായി ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. നേരത്തേ ഇറാന്റെ 100 ഓളം ഡ്രോണുകള്‍ ഇസ്രയേല്‍ തടഞ്ഞുനിർത്തിയിരുന്നു. അതിനേക്കാള്‍ വളരെ ശക്തമായ മിസൈല്‍ തരംഗമാണ് ഇപ്പോള്‍ ഇറാനില്‍ നിന്ന് ഇസ്രായേലിനെതിരെ ഉണ്ടായത്. രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇറാനെതിരേ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനുള്ള സാധ്യതയുണ്ടെന്നതിന്റെ ആദ്യ സൂചനയാണിത്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. ഇറാനെതിരായ ഈ ആക്രമണം ഇസ്രയേല്‍ കുറച്ചുകാലമായി ആസൂത്രണം ചെയ്തിരുന്നുവെന്നും ഇറാന്റെ ആണവായുധം പൂർണ്ണമായും നിർവീര്യമാക്കുന്നതുവരെ ആക്രമണങ്ങള്‍ തുടരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും വ്യക്തമാണ്. എന്നാല്‍ തിരിച്ചടിക്കാനുള്ള കഴിവ് ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്ന് ടെഹ്റാൻ തെളിയിച്ചിട്ടുണ്ട്.
തെക്കന്‍ ടെഹ്റാനിലെ ഫോര്‍ദോ ആണവനിലയത്തിന് സമീപം രണ്ട് സ്ഫോടന ശബ്ദങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
പടിഞ്ഞാറന്‍ ടെഹ്റാന്, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം. ടെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായി ഇറാന് സൈന്യം അറിയിച്ചു. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇസ്രായേലില്‍ പൗരന്മാരോട് ഷെല്‍ട്ടറുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
ഇതിനിടെ, യെമനില്‍നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. ജറുസലമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. നേരത്തേ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്തസേനാമേധാവി മുഹമ്മദ് ബാഘേരി, റവല്യൂഷണറി ഗാര്‍ഡ്സ് മേധാവി ഹുസൈന് സലാമി, കമാന്‍ഡര്‍ ഘോലം അലി റാഷിദ്, ആണവശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി ടെഹ്റാന്‍ചി, ഫെരീദുന്‍ അബ്ബാസി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രയേലിനു നേരേ ഇറാന് ഡ്രോണ്‍ ആക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍.
ഇന്നലെ പുലര്‍ച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന സൈനിക, ആണവകേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. മറുപടിയായി ഇറാന് അയച്ച നൂറോളം ഡ്രോണുകള്‍ നീര്വീര്യമാക്കിയതായി ഇസ്രേലി സൈന്യം അവകാശപ്പെട്ടു. 200 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ ഉടനീളമുള്ള 100 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി ഇസ്രേലി സൈനികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. രാത്രി വൈകിയും ടെഹ്റാനില്‍ വന്‍ സ്ഫോടനശബ്ദങ്ങള് കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്കു പങ്കില്ലെന്നു അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്നും എല്ലാം നഷ്ടപ്പെടുന്നതിനു മുമ്ബ് ആണവപദ്ധതി സംബന്ധിച്ച് ഉടമ്ബടിക്കു തയാറാകണമെന്നും യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യത്തിലേറെ സമയം നല്‍കിയെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്കു നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണമല്ല ലക്ഷ്യമെന്നും ഇറാനെ പ്രതിരോധിക്കുക മാത്രമാണ് ഉദ്ദേശമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതത്തിന് ഉത്തരവാദി അമേരിക്കയായിരിക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം താക്കീത് നല്കി. അമേരിക്കയുടെ അനുമതിയും ഏകോപനവുമില്ലാതെ ഈ ആക്രമണം നടക്കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.