
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്.സി.ബി) വാങ്ങാന്‍ തനിക്ക് താല്പര്യമുണ്ടെന്ന അഭ്യൂഹങ്ങള്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തള്ളി.മാനേജ്മെന്റിന്റെ ഭാഗമാകാന്‍ എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും എനിക്ക് സമയമില്ല. എന്റെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലകള്‍ രാജിവെച്ച് അത് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.ഞാന്‍ ഒരു ഭ്രാന്തനല്ല. എനിക്ക് എന്തിനാണ് ആര്.സി.ബി വേണ്ടത് ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ചെറുപ്പം മുതല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരുന്നിട്ടും ഫ്രാഞ്ചൈസിയുടെ മാനേജ്മെന്റില്‍ ചേരാന്‍ ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതില്‍ ഇടപെടാന്‍ തനിക്ക് സമയമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ പറഞ്ഞു.
ബ്രിട്ടീഷ് ഡിസ്റ്റിലറും ഇന്ത്യന്‍ യൂനിറ്റായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് വഴി ആര്.സി.ബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പി.എല്‍.സി, ആര്.സി.ബി ഫ്രാഞ്ചൈസിയുടെ ഒരു ഭാഗമോ മുഴുവനായോ വില്ക്കാന് ശ്രമിക്കുന്നതായി വിവരം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്