
മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ 2 ജവാന്മാര്ക്ക് വീരമൃത്യു
ഛത്തീസ്ഗഡിലെ സുഖ്മയില്‍ മലയാളി അടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാര് കൊല്ലപ്പെട്ടത്. ഇന്ന് മൂന്നുമണിയോടെയാണ് സ്ഫോടനം നടന്നത്.
റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സില്‍ഗറില്‍ നിന്ന് തെക്കുലാഗുഡെ ക്യാംപുകളിലേക്ക് പോകുന്നതിനിടെ ദൈനംദിന പട്രോളിംഗിനിടെയാണ് ജവാന്മാര് സ്ഫോടനത്തില്‍പ്പെട്ടത്. സിആര്‍പിഎഫിന്റെ കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസലൂട്ട് ആക്ഷന്‍ (കോബ്രാ) 201 ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്.
സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച ട്രക്ക് വിഷ്ണുവായിരുന്നു ഓടിച്ചിരുന്നത്. ഇദ്ദേഹം തിരുവനന്തപുരം പാലോട് സ്വദേശിയാണ്. 35 വയസായിരുന്നു. ഉത്തര്‍പ്രദേശ് കാന്‍പൂര്‍ സ്വദേശിയായ ശൈലേന്ദ്ര എന്ന ജവാനും സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചു.