
മനാമ ∙ബഹ്റൈനിലെ പ്രധാന വാർഷിക പരിപാടികളിൽ ഒന്നായ ഈന്തപ്പന ഉത്സവം ഓഗസ്റ്റ് 1 മുതൽ 3 വരെ ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കും. ‘ഖൈറത്ത് അൽ നഖ്ല’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉത്സവം, ഈന്തപ്പനയുടെ പ്രാധാന്യം എടുത്തു കാട്ടുകയും, ബഹ്റൈനിന്റെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് സമ്മാനിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശന സമയം. ബഹ്റൈനിലെ ഫാർമേഴ്സ് മാർക്കറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നാഷനൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റാണ് അറബിയിൽ ‘ഈന്തപ്പനയുടെ അനുഗ്രഹം’ എന്ന് അർത്ഥമാക്കുന്ന വാർഷിക സാംസ്കാരിക പൈതൃകോത്സവമായ ‘ഖൈറത്ത് അൽ നഖ്ല’ (ഈന്തപ്പനയുടെ സമ്മാനങ്ങൾ) സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ വിവിധയിനം ഈന്തപ്പഴങ്ങൾ, ഈന്തപ്പഴം ഉപയോഗിച്ചുള്ള വിഭവങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനമാണ് ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഈന്തപ്പനയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്ന നിരവധി ഉൽപ്പന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കും.