
ദുബായ് ∙ മാൾ ഓഫ് എമിറേറ്റ്സിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള പ്രവേശന റോഡിനു വീതി കൂട്ടാൻ ആർടിഎ കരാർ നൽകി. 16.5 കോടി ദിർഹത്തിന്റേതാണ് കരാർ. നടപ്പാതയും സൈക്കിൾ ലെയ്നും ഉൾപ്പെടുന്നതാണ് വികസന പദ്ധതി.
ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റസിലേക്ക് നേരിട്ടു പ്രവേശിക്കാവുന്ന പാലത്തിന്റെ നിർമാണമാണ് പദ്ധതിയിൽ ഏറ്റവും പ്രധാനം. 300 മീറ്റർ നീളമുള്ള ഒറ്റവരി പാലമാണ് ഇവിടേക്ക് പുതിയതായി നിർമിക്കുക. അബുദാബിയിൽ നിന്നും ജബൽ അലി ഭാഗത്തു നിന്നും വരുന്നവർക്ക് നേരിട്ട് ഈ പാലം വഴി മാളിലെത്താം. ഉംസുഖീം റോഡിൽ നിന്ന് മാളിന്റെ പാർക്കിങ്ങിലേക്ക് നിലവിലുള്ള റാംപിന്റെ വീതി കൂട്ടാനും തീരുമാനിച്ചു.
മാളിനു ചുറ്റുമുള്ള രണ്ടര കിലോമീറ്റർ റോഡ് റീടാർ ചെയ്യും. ഇവിടത്തെ ബസ് സ്റ്റേഷന്റെ നവീകരണവും പദ്ധതിയിലുണ്ട്. കെംപൻസ്കി ഹോട്ടലിന്റെ മുന്നിലെ വൺവേ ടൂ വേ ആക്കും. ഇവിടെ സൈക്കിൾ ലെയ്നും നടപ്പാതയും വരും. ഇതിനു അഴുക്കുചാൽ നിർമാണം, പുതിയ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കൽ, ലൈറ്റുകൾ സ്ഥാപിക്കൽ, ഇന്റർ ലോക്ക് സ്ഥാപിക്കൽ, ലാൻഡ്സ്കേപ്പിങ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുമെന്ന് ആർഡിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. അബുദാബി, ജബൽ അലി ഭാഗത്ത് നിന്നു വരുന്നവർക്ക് മാളിലേക്കു പ്രവേശിക്കാൻ ഇപ്പോഴെടുക്കുന്ന 10 മിനിറ്റ് നവീകരണം പൂർത്തിയാകുന്നതോടെ ഒരു മിനിറ്റായി കുറയും.
ഉംസുഖീമിൽ നിന്നു വരുന്നവരുടെ യാത്രാ സമയം 15ൽ നിന്ന് 8 മിനിറ്റായി കുറയ്ക്കും. 2005ൽ പ്രവർത്തനം ആരംഭിച്ച മാൾ ഓഫ് എമിറേറ്റ്സ് പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. പ്രതിവർഷം 4 കോടി ജനങ്ങളാണ് മാൾ സന്ദർശിക്കുന്നത്. പ്രമുഖ ലീഡിങ് ബ്രാൻഡുകളുടെ 454 ഷോപ്പുകളും 96 റസ്റ്ററന്റുകളും ഇവിടെയുണ്ട്. വിനോദ കേന്ദ്രമായ സ്കീ ദുബായ് ഇവിടെയാണ്. വോക്സ് സിനിമയുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തിയറ്ററും മാളിലാണ്. കെംപൻസ്കി, ഷെറാട്ടൺ, നൊവോട്ടൽ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളും ഇവിടെയാണ്. മെട്രോ സ്റ്റേഷനും ഇവിടെയുണ്ട്.