
തിരുവനന്തപുരം∙ സംസ്ഥാനത്തു വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണു കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു കേരളത്തില്‍ മഴ തുടരുന്നത്. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽനിന്ന് ആളുകൾ മാറി താമസിക്കണമെന്നും നദീതീരങ്ങളിൽ നിന്നും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളില്‍ നിന്നും ആളുകൾ മാറണമെന്നും മുന്നറിയിപ്പുണ്ട്.