
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024ല്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്ത കാലതാമസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.
പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 2024-ല്‍ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ 18 ശതമാനവും മൂന്ന് മാസത്തിലധികം കഴിഞ്ഞാണ് അംഗീകാരം ലഭിച്ചത്. 2025 ഏപ്രില്‍ വരെ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബില്ലുകളുടെ 72 ശതമാനത്തിനും അംഗീകാരം ലഭിക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ എടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 38 ശതമാനവും കാലതാമസം നേരിട്ടു. സിക്കിമില്‍ 56 ശതമാനം ബില്ലുകളാണ് കാലതാമസം നേരിട്ടത്.
രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ 2024 ല്‍ 500 ല്‍ അധികം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായും നിയമസഭ ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ആകെ ചെലവ് ഏകദേശം 58 ലക്ഷം കോടി രൂപയോളമാണ്. ഏകദേശം നൂറ് മണിക്കൂറോളമാണ് ഇവയുടെ ആകെയുള്ള കണക്ക്. ഈ സമയത്ത് 500 ല്‍ അധികം ബില്ലുകളും 58 ലക്ഷം കോടി രൂപയുടെ ബജറ്റുകളും പാസാക്കപ്പെട്ടു. എന്നാല്‍, ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതില്‍ ചില സംസ്ഥാനങ്ങളില്‍ വലിയ കാല താമസം നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, മിസോറാം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനങ്ങളിലെ 60 ശതമാനം ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.
അതേസമയം, നിയമസഭ സമ്മേളിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും മെല്ലേപ്പോക്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ സമ്മേളിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസം നീണ്ടുനിന്ന ഹ്രസ്വ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ വ്യവസ്ഥ പാലിച്ചത്. ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ സമയം നിയമസഭ സമ്മേളനം ചേര്‍ന്നത്. 42 ദിവസമാണ് ഒഡീഷയില്‍ നിയമ സഭ ചേര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 38 മണിക്കൂറാണ് ആകെ നിയമസഭ സമ്മേളിച്ചത്. പശ്ചിമബംഗാളില്‍ 36 മണിക്കൂറും നിയമസഭ സമ്മേളിച്ചു. രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള മണിപ്പൂരില്‍ 14 ദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ നാഗാലാന്‍ഡ് ആറ് ദിവസവും സിക്കിം എട്ട് ദിവസം അരുണാചല്‍ പ്രദേശില്‍ 16 ദിവസവും സഭ ചേര്‍ന്നു.