
അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത് മാത്യു തോമസ്, അര്ജുന് അശോകന്, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബ്രോമാന്‍സ്. തിയറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ ചിത്രം ഒടിടിയിലും റിലീസിന് എത്തിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് വന്‍ തോതില്‍ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു.
ഇപ്പോഴിതാ ബ്രോമാന്‍സിലെ താന്‍ ചെയ്ത ബിന്റോ വര്?ഗീസ് എന്ന കഥാപാത്രം ഓവര്‍ ആയിപ്പോയെന്ന് പറയുകയാണ് നടന് മാത്യു തോമസ്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് ഇടയിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റര്‍ തെറ്റിപ്പോയെന്നും താന്‍ ഓവറാണെന്ന് തോന്നിയത് പ്രേക്ഷകരുടെ കുഴപ്പം കൊണ്ടല്ലെന്നും മാത്യു തോമസ് പറഞ്ഞു.
”തിയറ്റര്‍ ഓഡിയന്‍സ്, ഒടിടി ഓഡിയന്‍സ് എന്നൊന്നും ഇല്ല. ഒറ്റ ഓഡിയന്സേ ഉള്ളൂ. സിനിമ തിയറ്ററില്‍ എത്തിയപ്പോഴും എന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങള്‍ തിരഞ്ഞെടുത്ത മീറ്റര്‍ തെറ്റിപ്പോയി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആളുകള്‍ ഓവര്‍ എന്നു പറയുന്നത് ഓവര്‍ ആയതുകൊണ്ടു തന്നെയാണ്.
ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അത് വര്‍ക്ക് ആയിട്ടില്ല. അത് ഓഡിയന്‍സ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. അത് കുറച്ചു കൂടി വൃത്തിയ്ക്ക് അല്ലെങ്കില്‍ എല്ലാവര്ക്കും കണ്‍വിന്‍സിങ് ആകുന്ന രീതിയില്‍ ചെയ്യണമായിരുന്നു.
നമ്മള് ഷൂട്ടിന്റെ സമയത്ത് എടുത്ത ഒരു ജഡ്ജ്മെന്റിന്റെ പ്രശ്നമായിരുന്നു അത്. പ്രേക്ഷകര്‍ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാന്‍ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.”- മാത്യു തോമസ് പറഞ്ഞു.