
കണ്ണൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ പേരമകന്റെ ക്രൂരമര്‍ദനമേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടില്‍ കാര്‍ത്ത്യായനി (88) യാണ് മരിച്ചത്. ?ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കാര്‍ത്ത്യായനി ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് മരിച്ചത്.
ഈ മാസം 11 ന് ഉച്ചയ്ക്കാണ് കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകന് റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
കുളിമുറിയില്‍ നിന്നും അബദ്ധത്തില്‍ തെന്നിവീണ് പരിക്കേറ്റുവെന്നായിരുന്നു വീട്ടുകാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെയും ചവിട്ടേറ്റതിന്റെയും തല ചുമരിലിടിച്ചതിന്റെയും ക്ഷതങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പരിയാരം മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് കാര്‍ത്ത്യായനിയെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.
കുടുംബസ്വത്ത് വീതം വെച്ചച്ചോള്‍ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകള്‍ ലീലയായിരുന്നു. അതിനാല്‍ കാര്‍ത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നല്കി. പിന്നീട് അവര്‍ ആ വീട് വാടകക്ക് നല്കി ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് താമസം മാറി. പരിചരിക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. റിജുവിന്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവര്‍ വീട്ടിലെത്തിയതോടെ, കാര്‍ത്യായനിയെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിന്റെ പേരില്‍ റിജു അക്രമിച്ചുവെന്നാണ് കേസ്.
പൂക്കുടി ചിണ്ടനാണ് കാര്‍ത്ത്യായനിയുടെ ഭര്‍ത്താവ്. ലീല, പരേതനായ ഗംഗാധരന് എന്നിവരാണ് കാര്‍ത്ത്യായനിയുടെ മക്കള്‍. കാര്‍ത്ത്യായനിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതി റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം വ്യാഴാഴ്ച രാവിലെ അറസ്റ്റു രേഖപ്പെടുത്തി. കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് വയോധികയുടെ കയ്യിലെ തൊലി ഉരിഞ്ഞുപോയിരുന്നു. നേരത്തെ റിജുവിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു കണ്ടങ്കാളിയിലെ വീട് അജ്ഞാതര്‍ തകര്‍ത്തിരുന്നു.