
പീരുമേട്: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മകന് വിഷ്ണു(26) വിനെ പോലീസ് അറസ്റ്റ്ചെയ്തു.
വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്ബില്‍ മോഹനനെ (65)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിഷ്ണു ബൈക്കിന്റെ സി.സി അടയ്ക്കാന്‍ 1500 രൂപ ആവശ്യപ്പെടുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വിഷ്ണുവിന്റെ അമ്മ കുമാരി ഇരുവരും തമ്മിലുള്ള വഴക്ക് തീര്‍ത്തശേഷം കുളിക്കാന്‍ പോയി. അമ്മ തിരികെ എത്തിയപ്പോള്‍ മോഹനന് അനക്കമില്ലാതെ കിടക്കുന്നതാണ് കാണ്ടത്. വഴക്കിനിടയില്‍ അച്ഛന് വീണുവെന്നും അനക്കമില്ലെന്നും വിഷ്ണു അമ്മയോട് പറഞ്ഞു.
മോഹനന്റെ മകള്‍ ധന്യയും ഭര്‍ത്താവും എത്തി മോഹനനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. മോഹനനെ കിടത്തിയിരുന്ന കട്ടിലിനു താാഴെ രക്തം വാര്‍ന്നത് തുണിയിട്ട് മൂടിയിരിക്കുന്നത് കണ്ട നാട്ടുകാര്‍ വണ്ടിപ്പെരിയാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തി. മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുമ്ബേ വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.
വാക്കുതര്‍ക്കത്തിനിടയില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്റെ തല നാലുതവണ ഇടിച്ചെന്നാണ് വിഷ്ണു പോലീസില്‍ മൊഴി നല്‍കിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. സുവര്‍ണ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു കോടതിയില്‍ ഹാജരാക്കും.