
അക്ഷയ ജോതിസ്സിൻ
പുണ്യഗേഹം.
*********
ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ .
“ഈദുൽ അദ്ഹ ” എന്നാൽ ആത്മാർപ്പണത്തിന്റെ ആഘോഷം എന്നാണ് വിവക്ഷിക്കപ്പടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ കൽപ്പന മാനിച്ച് തന്റെ പ്രിയപുത്രനെ ബലി കൊടുക്കാൻ കൊണ്ടുപോയതിന്റെ ഓർമ്മ പുതുക്കലാണ് ബക്രീദ് അഥവാ ബലിപ്പെരുന്നാളായി ലോകമെങ്ങും ആഘോഷിക്കുന്നത് .
ത്യാഗത്തിന്റേയും സഹനത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം കൂടിയാണ് ബക്രീദ്. ഇസ്ലാമിലെ പ്രധാനപ്പെട്ട അഞ്ചു പുണ്യകർമ്മങ്ങളിൽ ഒന്നായ ഹജ്ജിന്റെ പ്രധാന ഭാഗങ്ങളും ബലിപ്പെരുന്നാളിലൂടെയാണ് നിർവ്വഹിക്കപ്പെടുന്നത് .
വിഗ്രഹാരാധന ഇല്ലാത്ത മുസ്ലിം
മതത്തിൽ എക്കാലത്തും ഭക്തിഗാനങ്ങൾ വളരെ കുറവായിരുന്നുവല്ലോ … ?
എന്നാൽ 1977 – ൽ പ്രദർശനത്തിനെത്തിയ
“ഹർഷബാഷ്പം “എന്ന ചിത്രത്തിനുവേണ്ടി നിർമ്മാതാവായ കെ എച്ച് ഖാൻ സാഹിബ്ബ് എഴുതി
എം കെ അർജ്ജുനൻ സംഗീതം പകർന്ന് യേശുദാസ് ആലപിച്ച ഒരു മുസ്ലിം ഭക്തിഗാനം ബലിപ്പെരുനാളിന്റെ ആത്മീയ ഭാവങ്ങൾക്ക് ശോഭ പകരുന്നതായിരുന്നു.
ഇസ്ലാം മതവിശ്വാസികളുടെ ജീവിത ലക്ഷ്യവും മോക്ഷമാർഗ്ഗവുമാണ് ഹജ്ജ് തീർത്ഥാടനം .
അറേബിയൻ മണലാരണ്യത്തിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരങ്ങളായ മക്കയും മദീനയും ഇസ്ലാമിന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഈ ഗാനത്തിൽ അദ്ദേഹം എടുത്തു പറയുന്നുണ്ട്.
“ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പു ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയ ജോതിസ്സിൻ പുണ്യഗേഹം സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്യം നേടി തേടിയോരെല്ലാം .
ഇബ്രാഹിം നബിയുടെ ഭാര്യയായ ഹാജിറ തന്റെ മകനായ ഇസ്മയിലിനുള്ള ദാഹജലത്തിനായി സഫാ മാർവാ മലനിരകളിലൂടെ ഓടിത്തളർന്നതും ദൈവാനുഗ്രഹത്താൽ മരുഭൂമിയിൽ ഉറവ പ്രത്യക്ഷപ്പെട്ടതുമായ കഥയും ഖാൻ സാഹിബ് ഈ ഗാനത്തിൽ ഔചിത്യപൂർവ്വം അവതരിപ്പിച്ചിരിക്കുന്നു .
” തണലായ് തുണയായ്
സംസം കിണറിന്നും
അണകെട്ടി നിൽക്കുന്നു
പുണ്യ തീർത്ഥം
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖുറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകൾ കഴുകിടുന്നു..”
ഈ പാട്ട് എഴുതിയ കവി കൂടിയായ ഹർഷബാഷ്പത്തിന്റെ നിർമ്മാതാവ് ഖാൻ സാഹിബ് ഒരു ഇസ്ലാം ചരിത്രപണ്ഡിതൻ കൂടിയാണെന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു .
എന്തെന്നാൽ
“കാലപ്പഴക്കത്തിൽ മാറ്റാൻ കഴിയുമോ ബിലാലിൻ സുന്ദര ബാങ്കൊലികൾ ….”
എന്ന വരികൾ ഒന്ന് ശ്രദ്ധിച്ചു വായിച്ചു നോക്കൂ .
ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരനും അടിമയുമായ ബിലാൽ ആണത്രേ ഇസ്ലാം മതത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ ബാങ്ക് വിളി തുടങ്ങി വെച്ചത് .
അല്ലാഹുവിന്റ സ്തുതി ഗീതങ്ങൾ വളരെ സുന്ദരമായി പാടിയിരുന്ന എത്യോപ്യക്കാരനായ ബിലാലിനെ പ്രവാചകൻ ഇസ്ലാമിലെ ആദ്യത്തെ മുഅദ്ദിനായി തിരഞ്ഞെടുത്ത ചരിത്രം പ്രിയ സുഹൃത്തായ
ടി പി ശാസ്തമംഗലത്തിന്റെ “ഹൃദയഗീതിക ” എന്ന പുസ്തകത്തിലൂടെയാണ് ഈ ലേഖകൻ അടുത്തിടെ വായിച്ചറിഞ്ഞത് .
ഈ ഗാനത്തിന്റെ ചരണം കൂടെ പരാമർശിക്കാതിരിക്കാൻ വയ്യ .
“തിരുനബിയുരചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാനുഗ്രഹങ്ങൾ
എന്നെ പുണരുന്ന പൂനിലാവേ
പുണ്യ റസൂലിൻ തിരുവൊളിയേ
അള്ളാവേ നിന്നരുളൊന്നുമാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനെ …”
പ്രവാചകനായ മുഹമ്മദ് നബിയുടെ സാരോപദേശങ്ങൾ പിന്തുടരുവാനും സമസ്ത ലോകത്തിന്റേയും നാഥനായ തമ്പുരാന്റെ അനുഗ്രഹാശിസ്സുകൾ തേടുവാനുമായി ഈ ഭക്തിഗാനം ഇന്ന് വലിയ പെരുന്നാളാഘോഷിക്കുന്ന എല്ലാ പ്രിയ സുഹൃത്തുക്കളുടേയും മനസ്സിൽ ഒരു ഇശൽ തേൻകണമായി തീരട്ടെയെന്നാശംസിക്കുന്നു .
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )