
ആലപ്പുഴ: ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കാവാലം സ്വദേശി സുരേഷ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാവാലം സ്വദേശികളായ ഹരി കൃഷ്ണന്, യദു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
സുരേഷ്കുമാറിന് പരിക്കേറ്റ് ആശുപത്രിയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നില്‍ മര്‍ദ്ദനത്തില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. മര്‍ദനത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്.
സുരേഷ് കുമാര്‍ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തലയ്ക്കുള്ളില്‍ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മുപ്പതുകാരന് ജൂണ്‍ 2 ന് രാത്രിയാണ് മരിച്ചത്.
തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തില്‍ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടര്‍മാരോടും പറഞ്ഞത്. എന്നാല്‍, പ്രദേശവാസികളായ നാല് പേര് ചേര്‍ന്ന് മര്‍ദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കളാണ് അറിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 22 നാണ് സുരേഷിന് മര്‍ദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നല്കിയ പരാതിയില്‍ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.