
അബുദാബി ∙ വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ബസ് ഓൺ ഡിമാൻഡ് (അബുദാബി ലിങ്ക്) അബുദാബിയിൽ ഹിറ്റായി. സേവനം ആരംഭിച്ച 2020 മുതൽ ഇന്നലെ വരെ 10 ലക്ഷം പേരാണ് ഉപയോഗപ്പെടുത്തിയത്. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് സേവനം. തുടക്കത്തിൽ യാസ് ഐലൻഡിൽ ആരംഭിച്ച സർവീസ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.
നിലവിൽ ഖലീഫ സിറ്റി, ഷഹാമ, യാസ് ഐലൻഡിലെ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് മാൾ, യാസ് വാട്ടർ വേൾഡ്, അൽസെയ്ന, അൽ മുനീറ, അൽ ബന്ദർ, സാദിയാത് ഐലൻഡിലെ ഹിദ് അൽ സാദിയാത്, സാദിയാത് ബീച്ച് വില്ലാസ്, സാദിയാത് ബീച്ച് റെറസിഡൻസ്, ജുമൈറ റിസോർട്ട്, സാദിയാത് ഐലൻഡ്, സാദിയാത് ബീച്ച് ക്ലബ്, സാദിയാത് ബീച്ച് ഗോൾഫ് ക്ലബ്, സാദിയാത് ഹോട്ടൽ ഏരിയ, സാദിയാത് കൾചറൽ ഡിസ്ട്രിക്ട്, ലൂവ്റ് അബുദാബി മ്യൂസിയം, മംഷ അൽ സാദിയാത് എന്നിവിടങ്ങളിലാണ് ബസ് ഓൺ ഡിമാൻഡ് സേവനം ലഭിക്കുക. ഹാഫിലാത് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. 2 ദിർഹമാണ് നിരക്ക്.