
മുംബൈ ∙ കനത്ത മഴയെത്തുടർന്നു നഗരത്തിൽ വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതു ഗതാഗത തടസ്സം സൃഷ്ടിച്ചു. വിമാന സര്‍വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഈ വിമാനങ്ങളേയും ബാധിച്ചേക്കാം.
അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനിരിക്കുന്നത്. വെള്ളിയാഴ്ച നഗരത്തിലുടനീളം യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ടാണ്. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്ന ബാന്ദ്രയിലെ കുർള കോംപ്ലക്സിനു സമീപത്ത് മുംബൈ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.