
ഹൈദരാബാദ്∙മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും എയർപോർട്ട് ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്. ഹൈദരാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. രാവിലെയോടെ പലവിമാനത്താവളങ്ങളിലും വിമാനങ്ങൾ പുറപ്പെടാൻ വൈകിയതോടെ യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ലോകമാകെ കോടിക്കണക്കിന് ജനങ്ങളെ തകരാർ പ്രത്യക്ഷത്തിൽ തന്നെ ബാധിച്ചിട്ടുണ്ട്.