
ജംഷഡ്പുർ ∙ ബംഗാളിലെ ഹൗറയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഹൗറ – മുംബൈ മെയിൽ ജാർഖണ്ഡിൽ പാളം തെറ്റി 2 പേർ മരിച്ചു. നൂറ്റൻപതോളം പേർക്ക് പരുക്കുണ്ട്. ഇതിൽ 20 പേരുടെ പരുക്ക് ഗുരുതരമാണ്. ജംഷഡ്പുരിൽനിന്ന് 80 കിലോമീറ്റർ അകലെ ബരാബംബുവിലാണ് പുലർച്ചെ 3.45ന് 18 ബോഗികൾ പാളം തെറ്റിയത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുവണ്ടി മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കനത്ത കാറ്റിൽ പറന്നുവന്ന് സമീപത്തെ ട്രാക്കിലൂടെ പോകുകയായിരുന്ന ട്രെയിനിന്റെ എൻജിനിൽ പതിച്ചതാണ് അപകടത്തിന് കാരണമായത്. ഷീറ്റു വീണ് ഹെഡ്ലൈറ്റ് മൂടിയതോടെ ഇരുട്ടുപരക്കുകയും ലോക്കോ പൈലറ്റിന്റെ കാഴ്ച മറയുകയും ചെയ്തു. തുടർന്ന് ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ടതോടെയാണ് വണ്ടി പാളംതെറ്റിയത്.