
വര്‍ഷങ്ങളായി വിട്ടുമാറാത്ത വയറുവേദന, ഇടയ്ക്കിടെയുള്ള പനി, വിശപ്പില്ലായ്മ, നെഞ്ചിലും പുറകിലും ഭാരം അനുഭവപ്പെടല്‍ എന്നീ ബുദ്ധിമുട്ടുകളുമായാണ് 70 കാരന് ആശുപത്രിയിലെത്തിയത്. ഇങ്ങനെയുള്ള രോഗ ലക്ഷണങ്ങളുമായി എത്തിയ വയോധികന് വൈദ്യശാസ്ത്രരംഗത്തെ അപൂര്‍വ്വമായ മാത്രം കാണുന്ന കേസുകളിലൊന്നായി എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡല്‍ഹിയിലാണ് സംഭവം. നിരന്തരമായ ശാരീരിക വൈഷമ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ പരിശോധിക്കുമ്പോഴാണ് പിത്താശക്കല്ലുകളാണ് ( gallstones) അസുഖങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്.
തുടര്‍ന്ന്, നടത്തിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു, 70 വയസ്സുള്ള രോഗിയുടെ ശരീരത്തില്‍ നിന്ന് 8,125 പിത്താശയക്കല്ലുകള്‍ നീക്കം ചെയ്തു.കല്ലുകള്‍ എണ്ണാന്‍ ഏകദേശം ആറ് മണിക്കൂറെടുത്തതായും ശസ്ത്രക്രിയ നടന്ന ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ആശുപത്രിയുടെ കണക്കനുസരിച്ച്, ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പിത്താശയക്കല്ലുകള്‍ നീക്കം ചെയ്ത സംഭവം ഇതാണ്.
‘ഈ കേസ് അപൂര്‍വ്വമാണ്, പക്ഷേ മുമ്പൊരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. വര്‍ഷങ്ങളുടെ കാലതാമസം കല്ലുകള്‍ ഇത്രയധികം അടിഞ്ഞുകൂടാന്‍ കാരണമായി, ചികിത്സ കൂടുതല്‍ വൈകിയിരുന്നെങ്കില്‍ ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമായിരുന്നു,’ ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ഡയറക്ടര്‍ ഡോക്ടര്‍ അമിത് ജാവേദ് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമായി. ആദ്യം ശസ്ത്രക്രിയ ഒഴിവാക്കിയെങ്കിലും നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ രോഗം വഷളാകുന്നത് കണ്ടതിനാല്‍ ഉടനടി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പിത്തസഞ്ചിയില്‍ ഉണ്ടാകുന്ന പിത്തരസത്തിന്റെ കട്ടിയുള്ള നിക്ഷേപമാണ് പിത്താശയക്കല്ലുകള്‍. പിത്താശയക്കല്ലുകള്‍ക്ക് മണല്‍ത്തരിയുടെ വലിപ്പം മുതല്‍ ഗോള്‍ഫ് ബോളിന്റെ വലിപ്പം വരെ വ്യത്യാസപ്പെടാമെന്ന് മയോക്ലിനിക്ക് സൈറ്റില്‍ പറയുന്നു. ചിലരില്‍ ഒരു പിത്താശയക്കല്ല് മാത്രമേ ഉണ്ടാകൂ, മറ്റു ചിലരില്‍ ഒരേ സമയം നിരവധി പിത്താശയക്കല്ലുകള്‍ ഉണ്ടാകാം.
പിത്താശയക്കല്ലുകള്‍ കൊണ്ട് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ആളുകള്‍ക്ക് പിത്തസഞ്ചി നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തുന്നത് സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.