
ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ (Donald Trump) നടപടിക്കെതിരെ യുഎസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. അപ്പീല്‍ കോടതിയാണ് ട്രംപിന് ആശ്വസമേകുന്ന വിധി ഒരു ദിവസത്തിനുള്ളില്‍ പുറപ്പെടുവിച്ചത്. താരിഫ് നയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങള്‍ സ്വന്തമായി മാറ്റാന്‍ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കി വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന, യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് നടപടിക്കെതിരെ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിനു അനുമതി നല്കി.
വീഞ്ഞ് ഇറക്കുമതി ചെയ്യുന്ന വിഒഎസ് സെലക്ഷനുള്‍പ്പെടെയുള്ള ചെറുകിട കമ്പികള്‍ക്കു വേണ്ടി ലിബര്‍ട്ടി ജസ്റ്റിസ് സെന്റര്‍ നല്കിയ കേസിലാണ് നേരത്തെ ട്രംപിനെതിരെ വിധി വന്നത്. എന്നാല്‍ ഈ വിധി മരവിപ്പിക്കേണ്ടത് രാജ്യ സുരക്ഷയ്ക്കു അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്. സാമ്പത്തികമായി അനിവാര്യമായ തീരുമാനമായിരുന്നു അതെന്നും, അത് തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നു കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ആവശ്യപ്പെട്ടിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടയുകയായിരുന്നു. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ അപ്പീല്‍ കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്.
നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും കോടതി വിമര്‍ശിച്ചിരുന്നു. 1977 ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാന്‍ ഈ നിയമം പ്രസിഡന്റ് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.
ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക പ്രശ്നങ്ങളില്‍ സ്വതന്ത്രമായി നടപടിയെടുക്കാന്‍ അനുവദിക്കുന്ന 1977-ലെ ഇന്റര്‍നാഷണല്‍ എക്കണോമിക് പവേര്‍സ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്തിയത്. യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപിന്റെ നടപടി. എന്നാല്‍, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
ട്രംപിന്റെ നികുതി ചുമത്തല്‍ അന്താരാഷ്ട്ര പ്രശ്നമായി മാറിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ലോകത്ത് വ്യാപാര അനിശ്ചിതത്വം നിറച്ച ട്രംപിന്റെ നികുതി പ്രഖ്യാപനം വന്നത്. യുഎസുമായി വ്യാപാരമുള്ള രാജ്യങ്ങള്‍ക്കെല്ലാം ട്രംപ് നികുതി ചുമത്തി. ഇതിനെതിരെ ചൈന പകരച്ചുങ്കം ഏര്‍പ്പെടുത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര യുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തിരുന്നു.