
ദുബായ് ∙ സന്ദർശക വീസയിലൂടെയുള്ള യുഎഇ പ്രവേശനം കർശനമാക്കിയെങ്കിലും ഇതാ, ഒരു വർഷത്തെ ‘സെൽഫ് സ്പോൺസേർഡ്’ വീസയുമായി യുഎഇ. ഇൗ മാസം ( ജൂലൈ) ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ വീസ വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ യുഎഇയിൽ പ്രവേശിക്കാനും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജോലി ചെയ്യാനും അനുവദിക്കുന്നു. 55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്കും സ്പോൺസറില്ലാതെ താമസ വീസ ലഭിക്കും. ഇതിനകം സന്ദർശക വീസയിലുള്ള മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഒരു വർഷത്തെ വീസ സ്വന്തമാക്കിക്കഴിഞ്ഞു. കൂടുതൽ പേർ വീസയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 3,400 ദിർഹത്തോളമാണ് ഒരു വർഷത്തെ വീസയ്ക്ക് സേവനദാതാക്കൾ ഇൗടാക്കുന്നത്. എന്നാൽ, ആവശ്യക്കാർ കൂടുതലെത്തുമ്പോൾ തുക കുറഞ്ഞേക്കും. യുഎഇയിൽ സന്ദർശക വീസയിലുള്ളവർ സ്റ്റാറ്റസ് മാറ്റത്തിന് 625 ദിർഹം കൂടി നൽകേണ്ടതുണ്ട്. വർക് പെർമിറ്റിന് 300 ദിർഹമാണ് ഫീസ്.