
കൊച്ചി: ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്. ചിത്രത്തിനുണ്ടായിരുന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചിത്രത്തിന്റെ ആദ്യ നിര്‍മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പങ്കാളികള്‍ ഇപ്പോഴത്തെ സിനിമയുടെ നിര്‍മാതാവായ നൈസാം സലാമിനെതിരെ നല്കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാര്‍ ആണ്. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടെയും കൈയില്‍ നിന്ന് ആഭ്യന്തര കുറ്റവാളി നിര്‍മിക്കാന്‍ പണം വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു.
വാങ്ങാത്ത കാശ് തിരികെ കൊടുക്കാന്‍ പറയുമ്പോള്‍ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാനാകൂ എന്നും നൈസാം സലാം മുന്‍പൊരു വിഡിയോയില്‍ പറഞ്ഞിരുന്നു. നൈസാം സലാമിന് വേണ്ടി അഡ്വ ഉമ ദേവി, അഡ്വ സുകേഷ് റോയ്, അഡ്വ മീര എന്നിവര്‍ ഹാജരായി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്ടെയ്നര് ആയാണ് ചിത്രമൊരുങ്ങുന്നത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകന്, സിദ്ധാര്‍ഥ് ഭരതന്, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ആനന്ദ് മന്മഥന്, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രന്, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.