തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയും എസ്ബിഐയും ചേര്‍ന്നുള്ള പുതിയ ഇന്‍ഷുറന്‍സ് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം കെഎസ്ആര്‍ടിസിയുടെ സ്ഥിരം ജീവനക്കാരില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. കൂടാതെ ജീവനക്കാര്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി.
25095 ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.ശമ്പളത്തിനായി 100 കോടി ഓവര്ഡ്രാഫ്റ് എടുക്കുന്നത് വന്‍ ബാധ്യതയെന്ന ആന്റണി രാജുവിന്റെ പ്രസ്ഥാവനക്കും മന്ത്രി മറുപടി നല്കി. താന്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നും ഒന്നാം തീയതി ശമ്പളം നല്‍കണമെന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും പറഞ്ഞ ഗതാഗത മന്ത്രി, ഈ തീരുമാനം അതിന്റെ ഭാഗമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപടി. എതിര്‍പ്പുള്ളവര്‍ മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതി. താന്‍ സ്വീകരിച്ച നടപടി കൂട്ടുത്തരവാദിത്വത്തിന്റെ പുറത്തെടുത്തതാണ്. ശമ്പളം കൊടുക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. തനിക്ക് ക്രഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.മേയ്ദിന സമ്മാനമായി ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കിയതും വളരെ ശ്രദ്ധ നേടിയിരുന്നു.