
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന്റെ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികള്‍ വാങ്ങാന്‍ കോടികള്‍ മുടക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം വിവാദത്തില്‍. 7.25 കോടി രൂപ ചെലവില്‍ ഏകദേശം 2 ലക്ഷം കോപ്പികള്‍ വാങ്ങാനാണ് ബാങ്ക് തീരുമാനിച്ചത്. ഉപഭോക്താക്കള്‍, പ്രാദേശിക സ്കൂളുകള്‍, കോളേജുകള്‍, ലൈബ്രറികള്‍ എന്നിവയിലേക്ക് വിതരണം ചെയ്യുന്നതിനാണ് പുസ്തകം കൂട്ടത്തോടെ വാങ്ങാന്‍ ബാങ്ക് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുബ്രഹ്മണ്യന്റെ India@100: Envisioning Tomorrow’s Economic Powerhouse എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ബാങ്ക് ഓര്‍ഡര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായി ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്ന് സുബ്രഹ്മണ്യത്തെ കഴിഞ്ഞാഴ്ച സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പദവിയില്‍ കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യത്തിന്റെ പുസ്തകത്തിന്റെ രണ്ടുലക്ഷം കോപ്പികള്‍ വാങ്ങാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതും വിവാദമായതും.സാമ്പത്തിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കിന്റെ സോണല്‍, റീജിയണല്‍ ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്നതിനായിരുന്നു ഈ കോപ്പികള്‍. മൊത്തം തുകയുടെ 50 ശതമാനം ബാങ്ക് ഇതിനകം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎംഎഫില്‍ നിന്ന് സുബ്രഹ്മണ്യന് പുറത്തുപോയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പുസ്തകം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം സ്ഥാനം ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. സംഭവത്തില്‍ ബാങ്കിന്റെ ജനറല്‍ മാനേജരെ സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.