
കൊളംബോ: വനിതാ ഏകദിനത്തില്‍ കരിയറിലെ 11ാം സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സ്മൃതി മന്ധാന. ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനല്‍ പോരാട്ടത്തിലാണ് സ്മൃതിയുടെ മിന്നും ശതകം. താരത്തിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി.
101 പന്തുകള്‍ നേരിട്ട് 15 ഫോറും 2 സിക്സും സഹിതം സ്മൃതി 116 റണ്‍സെടുത്തു. ഇതോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയില്‍ സ്മൃതി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ടാമ്മി ബ്യുമോണ്ടിനെ പിന്തള്ളിയാണ് താരത്തിന്റെ നേട്ടം. ഇരുവരും 10 വീതം സെഞ്ച്വറികളുമായി ഒപ്പം നില്‍ക്കുകയായിരുന്നു. 15 സെഞ്ച്വറികളുമായി മെഗ് ലാന്നിങാണ് ഒന്നാമത്. 13 സെഞ്ച്വറികളുമായി സുസി ബെയ്റ്റ്സ് രണ്ടാമത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിക റാവല്‍ (30), ഹര്‍ലീന്‍ ഡിയോള്‍ (47), ഹര്‍മന്‍പ്രീത് കൗര്‍ (41), ജെമിമ റോഡ്രിഗസ് (44) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നല്കി.
ലങ്കന്‍ നിരയില്‍ മല്കി മദര, ഡെവ്മി വിഹംഗ, സുഗന്ധിക കുമാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇനോക രണവീര ഒരു വിക്കറ്റെടുത്തു.