
ലഖ്നൗ: തടിയനെന്നു വിളിച്ചു, ഭക്ഷണം കഴിക്കുന്നതിനിടെ കളിയാക്കി, എല്ലാവരുടേയും മുന്നില്‍വച്ച് ആക്ഷേപിച്ചു. സഹിക്കാന്‍ പറ്റാതെ യുവാവ് തന്നെ കളിയാക്കിയവരെ വെറുതെ വിടില്ലെന്നു ഉറപ്പിച്ചു. കളിയാക്കിയ രണ്ട് പേരെയും യുവാവ് പിന്തുടര്ന്നു വെടിവച്ചു വീഴ്ത്തി.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. മനോജ് ചൗഹാനാണ് ബോഡി ഷെയിമിങ് സഹിക്കാന്‍ കഴിയാതെ കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തിയത്. സംഭവത്തില്‍ ഇയാളേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെല്‍ഘാട്ട് സ്വദേശിയാണ് മനോജ് ചൗഹാന്. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് അനില്‍, ശുഭം എന്നിവര്‍ മനോജിനെ തടിയുടെ പേരില്‍ കളിയാക്കിയത്. എല്ലാവരുടേയും മുന്നില്‍ വച്ച് അവര്‍ തന്നെ തടിയനെന്നു വിളിച്ചു അപമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരേയും കൊല്ലാന്‍ തീരുമാനിച്ചത്. സഹായത്തിനായി സുഹൃത്ത് ആസിഫിനേയും ഒപ്പം കൂട്ടി. ബോഡി ഷെയിമിങ് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസിലാകു എന്നും മനോജ് പറയുന്നു.
കാറില്‍ പോകുകയായിരുന്ന അനിലിനേയും ശുഭത്തേയും മനോജും ആസിഫും പിന്തുടർന്നു. 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുവരേയും കാറില്‍ നിന്നു പുറത്തിറക്കിയ ശേഷം വെടിവയ്ക്കുകയായിരുന്നു.
വെടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.