
കൊച്ചി: ഓഗസ്റ്റ് ആദ്യവാരം സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോണ്‍ക്ലേവ് പൂര്‍ത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോണ്‍ക്ലേവിന്റെ ഭാഗമാകും. കോണ്‍ക്ലേവില്‍ ഉടലെടുക്കുന്ന അഭിപ്രായങ്ങള്‍ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഹേമാ കമ്മിറ്റി സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കവേയാണു സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു കോടതി നിര്‍ദേശം നല്കി. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പ്രത്യേകനിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്നു കഴിഞ്ഞ സിറ്റിങ്ങില്‍ സര്‍ക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണു സര്‍ക്കാരിന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.ഐ.ടി. സാവകാശം തേടിയപ്പോള്‍ പത്തുദിവസം ഹൈക്കോടതി അനുവദിച്ചു. പത്തുദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, സി.എസ്. സുധ എന്നിവരുടെ ബെ ഞ്ചാണു കേസ് പരിഗണിക്കുന്നത്.