
കൊച്ചി: കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെയായി അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലുണ്ടായിരുന്ന അത്യന്തം അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു.
എംവി വാന്‍ ഹായ് 503 എന്ന തായ്വാന് കമ്ബനിയുടെ കപ്പലില്‍ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.
പൊട്ടിത്തെറിക്കാന്‍ ഇടയുളളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനങ്ങളുമാണ് ഈ കണ്ടെയ്നറുകളിലുളളത്. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്.
ട്രൈക്ലോറോബെന്‍സീന്‍, ട്രൈഈഥൈലിന് ടെട്രാമൈന്, ഡയാസിറ്റോണ്‍ ആല്‍ക്കഹോള്‍, ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്നറുകളിലുളളത്.
ഈ വസ്തുക്കള്‍ കലടില്‍ കലരുമ്ബോഴും തീരത്തോട്ട് എത്തുമ്ബോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കപ്പലിലെ തീയണയ്ക്കാനുളള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുളള കണ്ടെയ്നര്‍ ഭാഗം വരെയും തീയും സ്ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മുന്‍ഭാഗത്തെ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക ഇപ്പോഴും നിലനില്ക്കുന്നു.
കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായി റിപ്പോര്‍ട്ടുണ്ടെന്നു, കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ തീയണയ്ക്കാനുളള പ്രവര്‍ത്തനങ്ങളിലും പരിസരം തണുപ്പിക്കാനുളള ശ്രമങ്ങളും നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ എംവി വാന്‍ ഹായ് 503 ഫീഡര്‍ കപ്പലിലാണ് തീപിടിച്ചത്. സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത തയ്വാന് കമ്ബനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്.