
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിലെ മരണസംഖ്യ ഉയരുന്നു. 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന് ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം 290 പേർ ഇതുവരെ മരിച്ചുവെന്നാണ് അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗികമായ അന്തിമ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന 241 പേരെ കൂടാതെ പ്രദേശവാസികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കമാണ് 290 പേർ മരിച്ചത്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല.
തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്ബോക്സാണ് കണ്ടെത്തിയത്. രണ്ടാമത്തെ ബ്ലാക്ക്ബോക്സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പറന്നുയർന്ന് നിമിഷങ്ങള്‍ക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. വിമാനം പറന്നുയർന്നതിന് പിന്നാലെ എയർ ട്രാഫിക് കണ്ട്രോളിന് ലഭിച്ച മെയ്ഡേ കോള്‍ വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നും വിലയിരുത്തലുണ്ട്. പിന്നീട് എയർ ട്രാഫിക് കണ്ട്രോള് റൂമില്‍നിന്ന് തുടരെ വിളിച്ചെങ്കിലും വിമാനത്തില്‍നിന്നും പ്രതികരണമുണ്ടായില്ലെന്ന് ഡിജിസിഎ വൃത്തങ്ങള്‍ പറയുന്നു .
ടേക് ഓഫിനു തൊട്ടുപിന്നാലെ കെട്ടിടങ്ങള്‍ക്കു മുകളിലൂടെ പറന്നുപൊങ്ങിയ വിമാനം താഴ്ന്ന് വിദ്യാർഥി ഹോസ്റ്റലിന് മുകളില്‍ വീണു. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.