ബെംഗളൂരു :കര്‍ണാടകത്തില്‍ ബൈക്ക് ടാക്സി നിര്‍ത്തുന്നു. ചട്ടം കൊണ്ടുവരാന്‍ ഹൈക്കോടതി അനുവദിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിക്കും.ചട്ടഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ ചട്ടമുണ്ടാക്കിയില്ലെങ്കില് ബൈക്ക് ടാക്സികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്.ചട്ടം കൊണ്ടുവരുന്നതിന് ഇതുവരെ നടപടിയെടുത്തിട്ടില്ല. കുറഞ്ഞചെലവില്‍ യാത്ര ലഭ്യമാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതത്തിരക്ക് ബൈക്ക് ടാക്സി സര്‍വീസ് കുറയ്ക്കുന്നുവെന്ന് റാപ്പിഡോ, ഒല, ഉബര്‍ എന്നീ മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കോടതിയില്‍ ഉന്നയിച്ചു.രണ്ടുദിവസത്തിനുള്ളില്‍ ഇതിന് സാധ്യതയുമില്ലാത്തതിനാല്‍ ഞായറാഴ്ചയോടെ ബൈക്ക് ടാക്സികള്‍ സംസ്ഥാനത്തെ നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമാകും
ബൈക്ക് ടാക്സി സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങളും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കുന്നതുവരെ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഗതാഗത വാഹനങ്ങളെന്ന നിലയില്‍ സേവനങ്ങള്‍ നല്കുന്നതിനായോ രജിസ്റ്റര്‍ ചെയ്യുന്നതിനായോ ഉള്ള അനുമതി നല്കാന് ഗതാഗത വകുപ്പിന് കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബിഎം ശ്യാം പ്രസാദിന്റെ ബെഞ്ച് നേരത്തെ നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ക്കായി പ്രത്യേക ചട്ടംകൊണ്ടുവരാതെ സര്‍വീസ് അനുവദിക്കാന്‍ കഴിയില്ലെന്ന് ഏപ്രിലില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് നിര്‍ണായകമായത്.